മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയെന്ന് പാർ‍ട്ടി മുഖപത്രത്തിൽ ലേഖനവുമായി കോടിയേരി


മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയാണെന്ന് വിശദീകരിച്ച് പാർ‍ട്ടി മുഖപത്രമായ ദേശാഭിമാനിയിൽ‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഇപി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ തൊടാൻ കഴിയാതിരുന്നതെന്ന് ലേഖനത്തിൽ‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പൊലീസും, ഏജൻസികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുക തന്നെ ചെയ്യും. ആക്രമികൾ‍ പാഞ്ഞടുത്തത് മുഖ്യമന്ത്രി വിമാനത്തിൽ‍ ഉള്ളപ്പോൾ‍ തന്നെയാണെന്നും കോടിയേരി പറയുന്നു.

പ്രതിഷേധിക്കാനായി മൂന്നു പേർ‍ വിമാനത്തിൽ‍ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നായി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിർ‍ദ്ദേശിച്ചത്. മുഖ്യമന്ത്രി വിമാനത്തിൽ‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോൺ‍ഗ്രസ് പ്രവർ‍ത്തകർ‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി അഭിപ്രായയപ്പെട്ടിരുന്നു. കോഴിക്കോട് പുറമേരിയിൽ‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ ഈ പരാമർ‍ശം. ഈ നിലപാട് തിരുത്തുന്നതാണ് പുതിയ ദേശാഭിമാനി ലേഖനം.

മുഖ്യമന്ത്രിക്ക് എതിരായ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രതിഷേധത്തിൽ‍ ഇൻഡിഗോ എയർ‍പോർ‍ട്ട് മാനേജർ‍ ടി.വി വിജിത്ത് നൽ‍കിയ റിപ്പോർ‍ട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവിക്ക് അദ്ദേഹം കത്തുനൽകി. രാഷ്ട്രീയ സമ്മർ‍ദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോർ‍ട്ട് പൊലീസിന് നൽ‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവർ‍ത്തകരെ ക്രൂരമായി മർ‍ദ്ദിച്ച ഇ.പി ജയരാജന്റെ പേര് പോലും റിപ്പോർ‍ട്ടിൽ‍ പരാമർ‍ശിക്കാത്തത് ഏറെ ദുരൂഹമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിമാനത്തിൽ‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞതും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതും മുഖ്യമന്ത്രി വിമാനത്തിൽ‍ നിന്ന് ഇറങ്ങിയ ശേഷം പ്രതിഷേധം നടന്നുവെന്നാണ്. ഈ സാഹചര്യത്തിലാണ് എയർ‍പോർ‍ട്ട് മാനേജരുടെ റിപ്പോർ‍ട്ടിൽ‍ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവി വരുൺ ദേവേദിക്ക് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നൽ‍കിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോഴാണെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കിയിരുന്നു. വിമാനക്കമ്പനി പൊലീസിന് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് പാഞ്ഞടുത്തുവെന്ന് കത്തിൽ വിശദീകരിക്കുന്നു. എന്നാൽ ഇ.പി ജയാരാജന്റെ പേര് കത്തിൽ പരാമർശിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed