ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്ന് അമ്മ’

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സർക്കാരിന്റെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കാമെന്ന് സിനിമ താരങ്ങളുടെ സംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിടുന്നതിൽ എതിർപ്പില്ല. നിയമനിർമാണം നടത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സംഘടനയ്ക്ക് തൃപ്തിയുണ്ടെന്നും അമ്മ ഭാരവാഹികൾ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ നല്ലതാണെന്ന് താരസംഘടന വിലയിരുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിശദാംശങ്ങൾ എന്താണെന്ന് അറിയാൻ താൽപര്യമില്ലെന്ന് ഫിലിം ചേംബർ അംഗങ്ങൾ വിലയിരുത്തി.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന നിലപാടിൽ ഡബ്ല്യൂസിസി ഉറച്ചുനിൽക്കുകയാണ്. ഇത്രയും പണവും സമയവും ചെലവഴിച്ചിട്ടും റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവന്നില്ലെന്ന് ഡബ്ല്യൂസിസി പറഞ്ഞു. സർക്കാരിന്റെ കരടിലെ നിർദേശങ്ങൾ ആര് നടപ്പാക്കുമെന്ന് വ്യക്തതയില്ലെന്നും ഡബ്ല്യൂസിസി പ്രതികരിച്ചു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി മന്ത്രി വിളിച്ചുചേർത്ത യോഗത്തിന് ശേഷമായിരുന്നു സംഘടനകളുടെ പ്രതികരണം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവർത്തിച്ചാവശ്യപ്പെടുന്ന ഡബ്ല്യൂസിസിക്കെതിരെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചാണ് തുടർ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാർ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.