ചന്ദ്രബോസ് കൊലക്കേസ്: വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

ചന്ദ്രബോസ് കൊലക്കേസ് വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ജാമ്യം നൽകരുതെന്ന് കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടു. തൃശൂർ ശോഭാ സിറ്റി സെക്യൂരിറ്റി ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിഷാം.
സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ച ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ആറ് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതിക്കാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എ.എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശം നൽകിയത്. ആറ് മാസത്തിനുള്ളിൽ അപ്പീലിൽ തീർപ്പായില്ലെങ്കിൽ ശിക്ഷ മരവിപ്പിക്കാനോ, ജാമ്യത്തിനായോ നിഷാമിന് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇപ്പോൾ ജാമ്യം അനുവദിക്കണമെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
മുഹമ്മദ് നിഷാമിന് വേണ്ടി അഭിഭാഷകൻ അഡോൾഫ് മാത്യുവും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി. കേസിൽ മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വർഷത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്.