‘ഒറ്റക്കൊമ്പ’ന്റെ അഡ്വാൻസ് തുക മിമിക്രിക്കാർക്ക് നൽകി സുരേഷ് ഗോപി

ഒറ്റക്കൊമ്പൻ എന്ന സിനിമയ്ക്ക് അഡ്വാൻസായി ലഭിച്ച തുക മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് നൽകി സുരേഷ് ഗോപി എം.പി. പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന് അദ്ദേഹം വാക്ക് നൽകിയിരുന്നു. ആ വാഗ്ദാനമാണ് സുരേഷ് ഗോപി പാലിച്ചത്. രണ്ട് ലക്ഷം രൂപയുടെ ചെക്കാണ് അദ്ദേഹം മിമിക്രിക്കാർക്ക് കൈമാറിയത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷൻ ചാനലിൽ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം പ്രഖ്യാപിച്ചത്.
സുരേഷ് ഗോപിയുടെ 250−ാം ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. ചിത്രം നിർമിക്കുന്നത് മുളകുപ്പാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളക്‌പാടമാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ് ഫാസിൽ തുടങ്ങി നിരവധി താരങ്ങളും, സംവിധായകരും അണിയറപ്രവർത്തകരും സിനിമയുടെ ടൈറ്റിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. മാത്യുസ് തോമസാണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് തന്നെയാണ് തിരക്കഥയും. ഷാജി കുമാർ ഛായാഗ്രാഹണവും ഹർഷവർധൻ രാമേശ്വർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.