സുഭദ്രയ്ക്ക് സ്വര്‍ണവള നല്‍കിയത് മോഹൻ വൈദ്യരുടെ ഭാര്യ ശ്രീലത
കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ തന്റെ സ്വര്‍ണമാല മോഷണം പോയപ്പോള്‍ കരഞ്ഞുനിലവിളിച്ച മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ട് വീട്ടില്‍ സുഭദ്രയ്ക്കു സ്വന്തം സ്വര്‍ണവളകള്‍ ഊരിനല്‍കിയ 'അജ്ഞാത സ്ത്രീ' ആരെന്ന് തിരക്കിയപ്പോഴാണ് അവര്‍ അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയാണെന്ന് വ്യക്തമായത്. ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിനി ശ്രീലതയാണ് ആ നന്മയുടെ നിറകുടമായ വ്യക്തി. ശനിയാഴ്ച ഉച്ചയോടെ പട്ടാഴി മൂലക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വലംവച്ച് തൊഴുന്നതിനിടെയാണ് രണ്ടു പവന്റെ മാല നഷ്ടപ്പെട്ടത്. ഈ സമയം സമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. മാല കഴുത്തില്‍ ഇല്ലെന്ന് മനസിലായതോടെ തകര്‍ന്നുപോയ സുഭദ്ര അലമുറയിട്ട് കരഞ്ഞ് നിലത്തു വീണുരുളാന്‍ തുടങ്ങി. ഇതുകണ്ട് എന്തുചെയ്യണമെന്നറിയാതെ ഭക്തര്‍ തരിച്ചു നിന്നു.
കശുഅണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ നാളത്തെ സമ്പാദ്യം സ്വരുക്കൂട്ടിയാണ് മാല വാങ്ങിയത്. കരയുന്നതിനിടെ ഇതും അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മറ്റൊരു സ്ത്രീയുടെ കൈയും പിടിച്ച് പ്രായം തോന്നിക്കുന്ന കണ്ണട വച്ച ഒരു സ്ത്രീ പെട്ടെന്ന് അവിടെയെത്തിയത്. കരഞ്ഞുകൊണ്ടിരുന്ന സുഭദ്രയെ അവര്‍ സമാധാനിപ്പിച്ചു. പിന്നാലെ തന്റെ കൈയില്‍ കിടന്ന രണ്ടുവളകള്‍ ഊരി വീട്ടമ്മയ്ക്ക് സമ്മാനിച്ചത്. ഇതുവിറ്റ് മാല വാങ്ങണമെന്നും ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചശേഷം ധരിക്കണമെന്നും ആവശ്യപ്പെട്ടശേഷം വന്നപോലെ വേഗത്തില്‍ തന്നെ മടങ്ങി. സുഭദ്രയും സമീപത്തുണ്ടായിരുന്നവരും അവിടെയൊക്കെ തിരഞ്ഞെങ്കിലും സ്ത്രീയെയോ ഒപ്പമുണ്ടായിരുന്ന ആളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.

