കെ.എസ്.യുവിൽ ആഭ്യന്തര കലഹം രൂക്ഷം; അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ വാർത്താസമ്മേളനവുമായി സ്വന്തം നേതാക്കൾ
ഷീബ വിജയൻ
കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ സംഘടനയ്ക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയെയും സർക്കാരിനെയും ബോധപൂർവം കരിവാരിത്തേക്കാൻ ചിലർ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കൾ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തി ആരോപിച്ചു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവർ അധ്യക്ഷനെതിരെ തിരിഞ്ഞത്. ചില വ്യക്തികളുടെ മോഹഭംഗങ്ങളിൽ നിന്നും വൈരാഗ്യത്തിൽ നിന്നുമാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നതെന്നും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് പ്ലീഡർമാരായി നിയമിക്കേണ്ടവരുടെ പട്ടിക ഔദ്യോഗികമായി നൽകിയതെന്നും ഇവർ വ്യക്തമാക്കി. നിലവിൽ ആരോപണം നേരിടുന്ന ടി.എസ്. ശരത്ത് 2019 മുതൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനാണെന്ന് മുബാസ് ചൂണ്ടിക്കാട്ടി.
സംസ്ഥാന അധ്യക്ഷന് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പറയേണ്ടത് മാധ്യമങ്ങൾക്ക് മുന്നിലല്ല, പാർട്ടി വേദികളിലാണെന്ന് വിമർശകർ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെങ്കിൽ കെ.പി.സി.സി അധ്യക്ഷനാണ് പരാതി നൽകേണ്ടിയിരുന്നതെന്നും എന്നാൽ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. ഇത്രയും മാധ്യമങ്ങൾ നോക്കിനിൽക്കുമ്പോഴാണോ ഗൗരവ സ്വഭാവമുള്ള വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ പോകേണ്ടിയിരുന്നതെന്നും മുബാസ് ചോദിച്ചു. ആരെയും 'ചാപ്പ' കുത്തി മാറ്റിനിർത്തുന്നത് കെഎസ്‌യുവിന്റെ രാഷ്ട്രീയമല്ലെന്നും, മുൻകാലങ്ങളിൽ സംഘ്‌പരിവാർ ആശയങ്ങളിൽ ഉണ്ടായിരുന്നവർ ജനാധിപത്യ മതേതര പാർട്ടിയായ കോൺഗ്രസിലേക്ക് വരുമ്പോൾ അവരെ ചേർത്തുനിർത്തേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും നേതാക്കൾ വ്യക്തമാക്കി. ഈ വിഷയം ചർച്ച ചെയ്യാൻ കെ.എസ്.യു സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാൻ പ്രസിഡന്റ് ഇതുവരെ തയ്യാറാകാത്തതിന് പിന്നിൽ കൃത്യമായ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ഇവർ ആരോപിക്കുന്നു. അലോഷ്യസ് സേവ്യർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുമ്പോൾ അത് കെ.എസ്.യുവിന്റെ പേരിൽ വേണ്ടെന്നും ബോധപൂർവം പാർട്ടിയെയും ഭരണകൂടത്തെയും പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും മുബാസ് ഓടക്കാലി ആവശ്യപ്പെട്ടു. സംഘടനയ്ക്കുള്ളിലെ ഭിന്നത പരസ്യമായതോടെ വരും ദിവസങ്ങളിൽ കെ.പി.സി.സി നേതൃത്വം വിഷയത്തിൽ ഇടപെടുമെന്നാണ് സൂചന.
xz xzxzxz

