നിമിഷ പ്രിയയെ രക്ഷിക്കാൻ ഇന്ത്യൻ സംഘം യെമനിലെത്തും
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയെ രക്ഷിക്കാൻ ഇടപെടുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. നിമിഷപ്രിയക്ക് യെമൻ സുപ്രീം ജുഡീഷ്യല്‍ കൗൺസിലിൽ അപ്പീല്‍ നല്‍കുന്നതിന് കേന്ദ്രം സഹായം നല്‍കും. ഡല്‍ഹി ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. നടപടികളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സംഘം യെമനിലേക്ക് പോവും. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി ദയാദനം (ബ്ലഡ് മണി) സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയോടാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഇന്നലെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ വാക്കാല്‍ പിന്തുണച്ച കേന്ദ്ര സര്‍ക്കാരിനോട് ഔദ്യോഗിക നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
യെമന്‍ പൗരന്റെ കുടുംബത്തിന് കൈമാറാനുളള മോചനദ്രവ്യം നല്‍കുന്നതിന് വേണ്ടിയുളള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വധശിക്ഷയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ യെമനിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 70 ലക്ഷത്തിലേറെ രൂപയാണ് നിമിഷ പ്രിയക്ക് മോചനദ്രവ്യമായ് നല്‍കേണ്ടി വരിക. ഇതിനായി ഗോത്ര നേതാക്കളെ ഉള്‍പ്പെടുത്തി കോടതിക്ക് പുറത്ത് ആക്ഷന്‍ കൗണ്‍സില്‍ മധ്യസ്ഥചര്‍ച്ച നടത്തിയിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍ച്ച നടത്തിയിരുന്നത്. എന്നാൽ ഈ ശ്രമവും വിജയം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ.

