തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ്; മുൻകൂർ‍ ജാമ്യം തേടി ഹൈക്കോടതിയിൽ


നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ മുൻകൂർ‍ ജാമ്യം തേടി നടൻ ദിലീപ് ഹൈക്കോടതിയിൽ‍. തനിക്കെതിരെയുള്ള വധഭീഷണി കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു.  ദിലീപിന്‍റെ ഹർ‍ജി കോടതി ഫയലിൽ‍ സ്വീകരിച്ചു. ഹർ‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ‍ ശ്രമിച്ചെന്ന സംവിധായകൻ‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർ‍ന്നാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്.  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ. പൗലോസ് ഉൾ‍പ്പടെയുള്ള പോലീസുകാരെ ദിലീപ് ലോറി ഇടിപ്പിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ‍. ഗൂഢാലോചനയിൽ‍ പങ്കെടുത്ത ദിലീപിന്‍റെ സഹോദരൻ അനൂപ്, ബന്ധു സൂരജ് എന്നിവർക്ക് പുറമേ കണ്ടാലറിയാവുന്ന ഒരാൾക്കെതിരേയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഇവർ‍ ഒന്നിച്ചിരുന്ന് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാർ‍ വെളിപ്പെടുത്തിയത്.

You might also like

Most Viewed