വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയെ ഒട്ടും വിശ്വാസമില്ല; രണ്ടാംഘട്ട സമരത്തിനൊരുങ്ങി ലീഗ്

തിരുവനന്തപുരം
വഖഫ് വിഷയത്തിലെ രണ്ടാം ഘട്ട പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി മുസ്ലിംലീഗ്. വഖഫ് വിഷയത്തിൽ ലീഗിന് മുഖ്യമന്ത്രിയെ ഒട്ടും വിശ്വാസമില്ല. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സമസ്തക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജനുവരി 27ന് എല്ലാ ജില്ലാ കളക്ടറേറ്റിലേക്കും ഫെബ്രുവരിയിൽ നിയമസഭയിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും പിഎംഎ സലാം യോഗത്തിൽ വ്യക്തമാക്കി. രണ്ടാംഘട്ട സമരപരിപാടികൾ ചർച്ച ചെയ്യാനായി ഇന്ന് മലപ്പുറത്ത് ചേർന്ന ഉന്നതാധികാര സമിതിയുടെ യോഗത്തിലാണ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
കോഴിക്കോട് നടത്തിയ റാലി വൻ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ശക്തമായ തുടർ സമരങ്ങൾ സർക്കാരിനെതിരെ വേണമെന്ന നിലപാടാണ് പാർട്ടിക്ക്. പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ രാപ്പകൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത് ലീഗ് മാത്രമായിരിക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കി. മുഖ്യമന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചർച്ച വലിയ പ്രഹസനമായിരുന്നു. സമസ്തയെ കബളിപ്പിക്കാനാണ് ചർച്ചക്ക് വിളിപ്പിച്ചത് തന്നെ. അതുകൊണ്ടു തന്നെ ലീഗിന് മുഖ്യമന്ത്രിയെ ഒട്ടും വിശ്വാസമില്ല എന്നും പിഎംഎ സലാം വ്യക്തമാക്കി. വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ട് ഒരു മാസം കഴിഞ്ഞുവെന്നും ഇതുവരെ ഉറപ്പ് പാലിക്കപ്പെട്ടില്ല. വിഷയത്തിൽ വീണ്ടും ചർച്ച നടത്താമെന്നാണ് പറഞ്ഞത്, എന്നാൽ അതുണ്ടായില്ലെന്നും സലാം ചൂണ്ടിക്കാട്ടി.