ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നിലനിൽക്കേ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം


ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ആര്യാട് കൈതകത്ത് ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന് വെട്ടേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് പ്രശ്നത്തിലേക്ക് നയിച്ചത്. വിമൽ എന്നയാൾക്കാണ് തലയ്ക്കും കാലിനും വെട്ടറ്റത്. വെട്ടിയ ബിനു എന്നയാളുമായി വിമലിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ബിനുവിന്റെ സഹോദരനെ വിമൽ മൂന്ന് മാസം മുന്പ് ആക്രമിച്ചിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് വിമലിന് വെട്ടേറ്റതെന്നുമാണ് പോലീസ് പറയുന്നത്. പ്രശ്നത്തിൽ രാഷ്ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

എസ്ഡിപിഐ, ബിജെപി നേതാക്കൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും നിലനിൽക്കുന്നുണ്ട്.

ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി തിങ്കളാഴ്ച മൂന്നിനു കളക്ടറേറ്റിൽ സർവകക്ഷി യോഗം ചേരുമെന്ന് കളക്ടർ എ. അലക്സാണ്ടർ അറിയിച്ചിട്ടുണ്ട്. നിരോധനാജ്ഞ നീട്ടണോ എന്നത് ഈ യോഗത്തിൽ തീരുമാനിക്കും. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed