ചിലി പ്രസിഡന്റായി ഇടതുപക്ഷ സ്ഥാനാർത്ഥി ഗബ്രിയേൽ ബോറിക്ക്

സാന്‍റിയാഗോ: ചിലി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ഗബ്രിയേൽ ബോറിക്കിന് ജയം. തീവ്രവലതുപക്ഷ സ്ഥാനാർഥി ജോൺ അന്‍റോണിയോ കാസ്‌റ്റിനെ തോൽപ്പിച്ചാണ് ബോറിക്ക് പ്രസിഡന്‍റ് സ്ഥാനം സ്വന്തമാക്കിയത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ച് ഒന്നര മണിക്കൂറിനുള്ളിൽ കാസ്റ്റ് പരാജയം സമ്മതിച്ചു. നവംബർ 21ന് നടന്ന ആദ്യഘട്ട പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനം വോട്ട് ലഭിക്കാതെ വന്നതോടെ ഡിസംബർ 19ന് രണ്ടാംഘട്ടം വോട്ടെടുപ്പ് നടത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ബോറിക്കിന് 25.83 ശതമാനവും കോസ്‌റ്റിന് 27.91 ശതമാനം വോട്ടുമാണ് ലഭിച്ചത്. രണ്ടാംഘട്ടത്തിൽ ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ബോറിക് 56 ശതമാനം നേടി മുന്നേറുകയായിരുന്നു.
ചിലിയൻ കമ്യൂണിസ്‌റ്റ് പാർട്ടിയുടെയും ഫ്രണ്ടെ ആംപ്ലിയോയുടെയും സംയുക്ത സ്ഥാനാർഥിയാണ് മുപ്പത്തിരണ്ടുകാരനായ ബോറിക്ക്. നിയോ ലിബറൽ പരിഷ്‌കാരങ്ങൾക്കെതിരെയുള്ള വിശാല സഖ്യത്തിന്‍റെ സ്ഥാനാർഥിയായ ബോറിക് വിജയിച്ചതോടെ ലാറ്റിനമേരിക്കയുടെ മുഖച്ഛായതന്നെ മാറിമറിയുമെന്നാണ് കരുതുന്നത്.