മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
ശാരിക / കൊച്ചി
മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. അർബുദബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മധ്യകേരളത്തിൽ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ നേതാവായിരുന്ന അദ്ദേഹം നാലുതവണ നിയമസഭാംഗമായും രണ്ടുതവണ സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2001-ലും 2006-ലും മട്ടാഞ്ചേരിയിൽ നിന്നും 2011-ലും 2016-ലും കളമശ്ശേരിയിൽ നിന്നുമാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മട്ടാഞ്ചേരി മണ്ഡലത്തിലെ അവസാനത്തെ എം.എൽ.എയും മണ്ഡലപുനർനിർണ്ണയത്തിന് ശേഷം രൂപീകൃതമായ കളമശ്ശേരി മണ്ഡലത്തിലെ പ്രഥമ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം. 2005-ൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെത്തുടർന്ന് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വ്യവസായ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി ആദ്യമായി ചുമതലയേറ്റു. തുടർന്ന് 2011-ലെ യു.ഡി.എഫ് സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി ജനിച്ച ഇബ്രാഹിം കുഞ്ഞ്, വിദ്യാർത്ഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ച അദ്ദേഹം ഏകദേശം കാൽ നൂറ്റാണ്ടോളം പാർട്ടിയിലെ സുപ്രധാന പദവികൾ അലങ്കരിച്ചു. നദീറയാണ് ഭാര്യ. അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ. അനൂപ് എന്നിവർ മക്കളാണ്.
േി്േ്ി

