50 രൂപ നിരക്കിൽ തക്കാളി വിൽക്കുമെന്ന് കൃഷിമന്ത്രി

തിരുവന്തപുരം: പച്ചക്കറി വില നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടൽ ഫലപ്രദമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പച്ചക്കറി മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ കരുതൽ ധനം ശേഖരിക്കാനാണ് സർക്കാർ ശ്രമം. സംസ്ഥാനത്ത് സഞ്ചരിക്കുന്ന വിൽപന ശാലകൾ തുടങ്ങും. വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
നാളെ രാവിലെ 7.30 മുതൽ രാത്രി 7.30വരെ ജില്ലകളിലൂടെ രണ്ട് തക്കാളി വണ്ടികളെത്തും. കിലോഗ്രാമിന് 50 രൂപ നിരക്കിൽ തക്കാളി വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി അറിയിച്ചു. ഓരോ ജില്ലകളിലും രണ്ട് തക്കാളി വണ്ടികളെത്തും. വില വർദ്ധനവ് പിടിച്ചുനിർത്താനായി കൃഷിവകുപ്പും ഹോർട്ടികോർപ്പും സജീവമായി ഇടപെടൽ നടത്തി. 40 ടൺ പച്ചക്കറി ഹോർട്ടികോർപ്പ് വഴി സംഭരിച്ച് വിൽപ്പന നടത്തുന്നുണ്ടെന്നും കൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില രണ്ടാഴ്ചയ്ക്കുള്ളിൽ കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പറഞ്ഞിരുന്നു. തെങ്കാശിയിൽ സർക്കാർ ചർച്ച നടത്തിയിരുന്നു. കർഷക സംഘങ്ങളിൽ നിന്നാണ് സർക്കാർ പച്ചക്കറി വാങ്ങുക. ഹോർട്ടികോർപ്പിന് ആവശ്യമായ നിർദേശം നൽകുകയും ചെയ്തു. തദ്ദേശീയ പച്ചക്കറികളും വിപണിയിൽ സുലഭമാക്കാനും സർക്കാർ ശ്രമമുണ്ട്.