ശബരിമല തീർത്ഥാടകയുടെ മുറിവിൽ സർജിക്കൽ ബ്ലേഡ് വെച്ച് കെട്ടി; പമ്പ ആശുപത്രിയ്ക്കെതിരെ പരാതി
ഷീബ വിജയൻ
പത്തനംതിട്ട: പമ്പയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ശബരിമല തീർത്ഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വെച്ച് കെട്ടിയതായി പരാതി. നെടുമ്പാശ്ശേരി സ്വദേശിനി പ്രീതയാണ് പമ്പ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ പത്തനംതിട്ട ഡി.എം.ഒയ്ക്ക് ഇവർ പരാതി നൽകി.
പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം പദയാത്രയായി പമ്പയിലെത്തിയതായിരുന്നു പ്രീത. യാത്രയ്ക്കിടെ കാലിലുണ്ടായ മുറിവ് ഡ്രസ്സ് ചെയ്യാൻ പമ്പയിലെ ആശുപത്രിയെ സമീപിച്ചു. രാത്രിയിൽ ആശുപത്രിയിലെത്തിയ പ്രീതയുടെ മുറിവ് കെട്ടിയത് ഒരു നഴ്സിംഗ് അസിസ്റ്റന്റ് ആയിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പ്രീത, തൊലി മുറിച്ചു കളയേണ്ടെന്നും ബാൻഡേജ് മതിയെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ വീട്ടിലെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കെട്ടഴിച്ച് നോക്കിയപ്പോഴാണ് മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് ഇരിക്കുന്നത് കണ്ടത്. ഒ.പി ടിക്കറ്റും മറ്റ് ചികിത്സാ രേഖകളും സഹിതമാണ് പ്രീത ഡി.എം.ഒയെ സമീപിച്ചിരിക്കുന്നത്.
ewaerwadqerad

