ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി; പ്രതിമാസ സഹായധനം സർക്കാർ നിർത്തലാക്കി
ഷീബ വിജയൻ
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവിതോപാധി നഷ്ടപ്പെട്ട ചൂരൽമലയിലെ കുടുംബങ്ങൾക്ക് നൽകി വന്നിരുന്ന പ്രതിമാസ സഹായധനം സർക്കാർ നിർത്തലാക്കി. ദുരന്തബാധിതർക്ക് മാസംതോറും നൽകിയിരുന്ന 9000 രൂപയാണ് ജനുവരി മുതൽ അവസാനിപ്പിച്ചത്. സർക്കാരിന്റെ ഈ നടപടി ആയിരത്തോളം വരുന്ന കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച സഹായം പ്രതിഷേധങ്ങളെ തുടർന്ന് ഡിസംബർ വരെ നീട്ടിയിരുന്നു. പുനരധിവാസം പൂർത്തിയാകുന്നത് വരെ സഹായം തുടരുമെന്നായിരുന്നു ദുരന്തബാധിതരുടെ പ്രതീക്ഷ. എന്നാൽ പുനരധിവാസ പാക്കേജോ ടൗൺഷിപ്പ് നിർമ്മാണമോ പൂർത്തിയാകുന്നതിന് മുൻപേ തുക നിർത്തലാക്കിയത് ക്രൂരതയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൂലിപ്പണി ചെയ്ത് ജീവിച്ചിരുന്ന പലർക്കും നിലവിൽ തൊഴിലോ വരുമാനമോ ഇല്ല. "മരിച്ചുപോയവരേക്കാൾ ദുരിതത്തിലാണ് ജീവിച്ചിരിക്കുന്നവർ" എന്നാണ് ദുരന്തബാധിതർ തങ്ങളുടെ അവസ്ഥയെക്കുറിച്ച് പ്രതികരിക്കുന്നത്. പുനരധിവാസം പൂർത്തിയാകുന്നത് വരെ സഹായധനം തുടരണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
sdfgsgs

