സർക്കാർ വിഹിതം അടച്ചില്ല; ജീവനക്കാരുടെ ഇൻഷുറൻസ് പരിരക്ഷ റദ്ദായെന്ന് എൽ.ഐ.സി
ഷീബ വിജയൻ
കോഴിക്കോട്: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാസംതോറും പിടിച്ച ഇൻഷുറൻസ് വിഹിതം എൽ.ഐ.സിയിൽ അടയ്ക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തി. ഒക്ടോബർ മുതൽ വിഹിതം കുടിശ്ശികയായതോടെ ജീവനക്കാരുടെ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെട്ടതായി എൽ.ഐ.സി ഔദ്യോഗികമായി നോട്ടീസ് അയച്ചു. പരിരക്ഷ നിലനിർത്താൻ പിഴയൊടുക്കണമെന്നും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കുന്നു.
വിഹിതം കൃത്യമായി ശമ്പളത്തിൽ നിന്ന് ഈടാക്കിയിട്ടും അത് എൽ.ഐ.സിയിലേക്ക് മാറ്റാത്തതിൽ ജീവനക്കാർ കടുത്ത ആശങ്കയിലാണ്. തങ്ങൾക്കോ കുടുംബത്തിനോ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടമായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ വകുപ്പ് മേധാവികൾക്ക് കത്ത് നൽകി. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ജീവനക്കാരുടെ ഭാവി വെച്ചാണ് സർക്കാർ പന്താടുന്നതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു. വിഹിതം കുടിശ്ശികയാണെന്ന അറിയിപ്പ് മുൻപ് ലഭിച്ചിട്ടുണ്ടെങ്കിലും പരിരക്ഷ നഷ്ടപ്പെടുമെന്ന നോട്ടീസ് ലഭിക്കുന്നത് ഇതാദ്യമാണ്.
fsfreddfs

