ലോകത്തെ മികച്ച മൂന്ന് ബ്രാൻഡുകളിൽ ഒന്നായി കൊച്ചി വാട്ടർ മെട്രോ; ആഗോള അംഗീകാരം
ഷീബ വിജയൻ
കൊച്ചി: ആഗോള സുസ്ഥിര ഗതാഗത രംഗത്ത് വൻ നേട്ടവുമായി കൊച്ചി വാട്ടർ മെട്രോ. ഈ വർഷത്തെ ആഗോള സുസ്ഥിര ഗതാഗത പുരസ്കാരത്തിൽ (Sustainable Transport Award) ലോകത്തിലെ മികച്ച മൂന്ന് ബ്രാൻഡുകളിൽ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ രാജ്യങ്ങളിലെ നഗരങ്ങളോട് മത്സരിച്ചാണ് വാട്ടർ മെട്രോ ഈ അഭിമാന നേട്ടം കൈവരിച്ചത്.
ന്യൂയോർക്ക് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഡവലപ്‌മെന്റ് പോളിസി നിശ്ചയിച്ച ജൂറി കൊച്ചി വാട്ടർ മെട്രോയ്ക്ക് പ്രത്യേക പരാമർശം നൽകി ആദരിച്ചു. ഒന്നാം സ്ഥാനം ബ്രസീലിലെ സാൽവദോർ നഗരത്തിനാണ്. ഇലക്ട്രിക് ബസ് ശൃംഖല വികസിപ്പിച്ച ചിലിയിലെ സാന്റിയാഗോ നഗരവും കൊച്ചിക്കൊപ്പം പ്രത്യേക പരാമർശത്തിന് അർഹമായി.
റോഡുകളെയും റെയിലിനെയും മാത്രം ആശ്രയിക്കാതെ ജലപാതകളെ ദൈനംദിന പൊതുഗതാഗതത്തിന്റെ ഭാഗമാക്കിയ കൊച്ചിയുടെ രീതി ലോകത്തിന് തന്നെ മാതൃകയാണെന്ന് ജൂറി വിലയിരുത്തി. കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ഈ പദ്ധതി ഇതിനകം 60 ലക്ഷത്തോളം യാത്രക്കാരാണ് പ്രയോജനപ്പെടുത്തിയത്. കരമാർഗ്ഗം ഒരു മണിക്കൂർ എടുത്തിരുന്ന യാത്ര വാട്ടർ മെട്രോയിലൂടെ 20 മിനിറ്റായി കുറഞ്ഞു. യാത്രാ ചെലവ് പകുതിയോളം ലാഭിക്കാമെന്നതും കാർബൺ മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു എന്നതും പദ്ധതിയുടെ സവിശേഷതയാണ്. ഓരോ യാത്രികനും കിലോമീറ്ററിന് ശരാശരി 184 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ഇതിനോടകം നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ വാട്ടർ മെട്രോയെ തേടിയെത്തിയിട്ടുണ്ട്.
gghghfg

