കണ്ണൂരിൽ വരുമാനം കുറഞ്ഞ പോസ്റ്റ് ഓഫീസുകൾ പൂട്ടുന്നു; പത്തെണ്ണത്തിന് താഴുവീഴും
ഷീബ വിജയൻ
കണ്ണൂർ: കേന്ദ്ര സർക്കാർ തീരുമാനപ്രകാരം നഷ്ടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാൻ നടപടി തുടങ്ങി. കണ്ണൂർ ജില്ലയിൽ മാത്രം പത്ത് പോസ്റ്റ് ഓഫീസുകളാണ് ഇത്തരത്തിൽ പൂട്ടൽ ഭീഷണിയിലുള്ളത്. ഒരു വർഷത്തെ ആകെ ചെലവിന്റെ 20 ശതമാനം പോലും വരുമാനമില്ലാത്ത ഓഫീസുകളെയാണ് അടച്ചുപൂട്ടാനായി കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുന്നോടിയായി ഇത്തരം ഓഫീസുകളിൽ വരുമാനം വർധിപ്പിക്കാൻ അധികൃതർ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്.
പോസ്റ്റൽ നിക്ഷേപം, സേവിങ്സ്, ഇൻഷുറൻസ് എന്നിവയിൽ കൂടുതൽ ആളുകളെ ചേർത്ത് വരുമാനം വർധിപ്പിക്കാനാണ് നിർദേശം. കെട്ടിട വാടക, വൈദ്യുതി ബിൽ, ശമ്പളം തുടങ്ങിയ ഇനങ്ങളിൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഓരോ ഓഫീസിനുമുള്ളത്. ചിലയിടങ്ങളിൽ ജീവനക്കാരുടെ അനാസ്ഥയും വിരമിച്ചവരെ തന്നെ ജോലിക്ക് നിയോഗിക്കുന്നതുമാണ് വരുമാനം കുറയാൻ കാരണമായി അധികൃതർ കാണുന്നത്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പൂട്ടാൻ തീരുമാനിച്ച ഓഫീസുകളുടെ പട്ടിക നിലവിൽ രഹസ്യമാക്കി വച്ചിരിക്കുകയാണ്. എന്നാൽ, ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് നഷ്ടം സഹിച്ചും പരമാവധി ഓഫീസുകൾ നിലനിർത്താൻ ശ്രമിക്കുമെന്ന് കണ്ണൂർ പോസ്റ്റൽ സൂപ്പർവൈസർ അറിയിച്ചു.
adsdsasasa

