മുഖ്യമന്ത്രിയെ നെടുന്പാശേരി വിമാനത്താവളത്തിൽ വട്ടംകറക്കി പൈലറ്റ് വാഹനം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ നെടുന്പാശേരി വിമാനത്താവളത്തിൽ വട്ടംകറക്കി പൈലറ്റ് വാഹനം. ബുധനാഴ്ച രാവിലെയാണ് സംഭവം. ആലുവ പാലസിൽ നിന്നാണ് മുഖ്യമന്ത്രിയും വാഹനവ്യൂഹവും നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരത്തേക്ക് പോകേണ്ട മുഖ്യമന്ത്രിയെ ടെർമിനൽ ഒന്നിൽ ഡിപ്പാർച്ചർ ഭാഗത്താണ് ഇറക്കേണ്ടിയിരുന്നത്. എന്നാൽ പൈലറ്റ് വാഹനം അറൈവൽ ഭാഗത്തേക്കാണ് ആദ്യം പോയത്. അറൈവൽ ഭാഗത്തെത്തി പൈലറ്റ് വാഹനം നിർത്തിയപ്പോഴാണ് വഴി തെറ്റിയതായി മനസിലായത്.
ഇതേ തുടർന്ന് മുഖ്യമന്ത്രിയെ കാര്യം ധരിപ്പിച്ച ശേഷം വീണ്ടും വിമാനത്താവളത്തിന് മുന്നിലൂടെ വാഹനവ്യൂഹം ഒരു വട്ടം കൂടി കറങ്ങി ഡിപ്പാർച്ചർ ഭാഗത്തെത്തിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ എല്ലാ വാഹനങ്ങളും ഇതോടൊപ്പം കറങ്ങി. വിമാനത്താവളത്തിന്‍റെ പരിസര പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണ ആദ്യം യാത്ര ചെയ്ത പൈലറ്റ് വാഹനത്തിന് ഇല്ലാതെ പോയതാണ് പ്രശ്നമായതെന്നാണ് വിവരം. പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് വിശദീകരണം തേടിയിട്ടുണ്ട്.