ആര്യൻ ഖാന് ജാമ്യ വ്യവസ്ഥയിൽ ഇളവ്


മുംബൈ: ലഹരി മരുന്ന് കേസിൽ നാർ‍കോട്ടിക്‌സ് കൺട്രോൾ‍ ബ്യൂറോ (എൻസിബി) ഓഫീസിൽ‍ ഹാജരാകുന്നതിൽ‍ ഇളവ് വേണമെന്ന ആര്യൻ ഖാന്‍റെ ആവശ്യം അംഗീകരിച്ച് ബോംബെ ഹൈക്കോടതി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എൻസിബി ഓഫീസിൽ ഹാജരാകണമെന്ന നിബന്ധന കോടതി ഒഴിവാക്കി. ജസ്റ്റീസ് എൻ.ഡബ്ല്യൂ സാംബ്രെയാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. മതിയായ സമയം നൽകിയാൽ എൻ‌സി‌ബി എപ്പോൾ എവിടെ വിളിച്ചാലും ആര്യൻ എത്തുമെന്ന് അപേക്ഷ പരിശോധിച്ച ശേഷം ജസ്റ്റീസ് സാംബ്രെ അഭിപ്രായപ്പെട്ടു. എന്നാൽ മറ്റ് ഇടങ്ങളിലേക്കുള്ള യാത്രാ വിവരങ്ങളെല്ലാം എൻസിബി ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. 

ആഴ്ചതോറും എൻസിബി ഓഫിസിലെത്തുന്പോൾ മാധ്യമങ്ങളുടെ നിരന്തര ചോദ്യങ്ങൾക്ക് താൻ ഇരയാവുകയാണെന്നായിരുന്നു ആര്യന്‍റെ പരാതി. അതിനാൽ കനത്ത പോലീസ് സുരക്ഷയും ആവശ്യമായി വരുന്നു. ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കാൻ അനുവദിക്കണമെന്നും എല്ലാ ആഴ്ചയും എൻസിബി ഓഫിസിൽ ഹാജരാകുന്നതിൽ ഇളവ് നൽകണമെന്നും ഹർ‌ജിയിൽ ആര്യൻ അഭ്യർത്ഥിച്ചു. നിലവിൽ എൻസിബിയുടെ ഡൽഹിയിലെ കേന്ദ്ര സംഘമാണ് ആര്യൻ പ്രതിയായ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽ നിന്ന് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ഒഴിവാക്കുകയും ചെയ്തിരുന്നു. അതിനാൽ മുംബൈ ഓഫിസിൽ ഇനിയും ഹാജരാകേണ്ട സാഹചര്യമില്ലെന്നാണ് ആര്യൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

You might also like

Most Viewed