പിണറായിയുടെ ധാർഷ്ട്യം ലീഗിനോട് വേണ്ട, സ്വന്തം വീട്ടിൽ വച്ചാൽ മതിയെന്ന് മുനീർ


കോഴിക്കോട്: വഖഫ് ബോർഡ് വിഷയത്തിൽ മുസ്‌ലിം ലീഗിനെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ. പിണറായിയുടെ ധാർഷ്ട്യം ലീഗിനോട് വേണ്ട, സ്വന്തം വീട്ടിൽ വച്ചാൽ മതിയെന്നാണ് മുനീർ മാധ്യമങ്ങളോട് പറഞ്ഞത്. ലീഗ് എന്തു ചെയ്യണമെന്നതിന് എകെജി സെന്‍ററിലെ തിട്ടൂരം വേണ്ട. മുഖ്യമന്ത്രിയുടേത് ഏറ്റവും തരം താഴ്ന്ന രാഷ്ട്രീയമാണ്. ലീഗ് ഓടിളക്കിയല്ല നിയമസഭയിലെത്തിയത്. ധാർഷ്ട്യം ലീഗിനോട് വേണ്ട, സ്വന്തം വീട്ടിൽ മതി. ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാൽ സഭയിൽ ഇടപെടേണ്ട എന്നാണോയെന്നും മുനീർ ചോദിച്ചു. മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടന തന്നെയാണെന്നും മുനീർ വ്യക്തമാക്കി. 

വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണയുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍റെ അട്ടിപ്പേറവകാശം തങ്ങൾക്കാണെന്നു പറഞ്ഞുകൊണ്ട്‌ വന്നാൽ അതംഗീകരിക്കാൻ ഞങ്ങൾ തയാറല്ല. സംസ്ഥാനത്ത്‌ വലിയതോതിലുള്ള വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ ലീഗിനോടു പറയാനുള്ളത്‌, നിങ്ങളാദ്യം നിങ്ങളാരെന്ന്‌ തീരുമാനിക്കണം. നിങ്ങളൊരു രാഷ്‌ട്രീയ പാർട്ടിയാണോ, അല്ലെങ്കിൽ മതസംഘടനയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

You might also like

  • Straight Forward

Most Viewed