അഡ്മിറൽ ആർ. ഹരികുമാർ നാവികസേന മേധാവിയായി ചുമതലയേറ്റു
ന്യൂഡൽഹി: നാവികസേന മേധാവിയായി അഡ്മിറൽ ആർ. ഹരികുമാർ ചുമതലയേറ്റു. ഇന്ന് രാവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം സ്ഥാനമേറ്റത്. തിരുവനന്തപുരം പട്ടം സ്വദേശിയാണ്. നാവികസേന മേധാവിയാകുന്ന ആദ്യമലയാളിയാണ് ഹരികുമാർ. അഡ്മിറൽ കരംബീർ സിംഗിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്.
1983ലാണ് അദ്ദേഹം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. നാവികസേനയുടെ 25−ാമത് മേധാവിയാണ് ഹരികുമാർ. 2024 ഏപ്രിൽ വരെയാണ് കാലാവധി. ചടങ്ങിൽ കുടുംബാംഗങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്തു. ഹരികുമാറിന് പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. ഐഎൻഎസ് നിശാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട് എന്നീ നാവികസേന കപ്പലുകളുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.
