സിനിമ ചിത്രീകരണം തടഞ്ഞാല്‍ നേരിടും: പിണറായി വിജയൻ

തിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇഷ്ടമുള്ള തൊഴിൽ ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടാണിത്. ആ അവകാശത്തിന്മേൽ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങൾ പോലും തങ്ങൾക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവർത്തകരെ അവരുടെ തൊഴിൽ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വളരെ വ്യക്തമാണ്. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. കലാരംഗത്തുള്ളവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഏതു വിധത്തിലുള്ള കടന്നുകയറ്റത്തെയും ശക്തമായി നേരിടുക തന്നെ ചെയ്യും. ഇത്തരത്തിൽ ക്രിമിനൽ സ്വഭാവമുള്ളവരുടെ നടപടി യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരിലുള്ളതാണെന്നു മാത്രം കരുതാനാവില്ല. വ്യക്തിയോടുള്ള വിദ്വേഷം മുൻ നിർത്തിയുള്ള സംഘടിത നീക്കമായി അതിനെ ചുരുക്കി കാണുന്നില്ല. ഉള്ളിലുള്ള ഫാസിസ്റ്റു പ്രവണതയും അസഹിഷ്ണുതയുമാണ് പുറത്തേക്ക് വരുന്നത്. തങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചാൽ ആരെയും ജീവിക്കാനനുവദിക്കില്ല, തൊഴിൽ ചെയ്യാൻ സമ്മതിക്കില്ല എന്ന് തീരുമാനിച്ചു അക്രമം സംഘടിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തിൽ വിലപ്പോകുന്ന രീതിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.