ജോജു ജോർജ്ജിന്റെ കാർ തകർത്ത കോൺഗ്രസ് നേതാക്കളെ തിരിച്ചറിഞ്ഞു: അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

കൊച്ചി: കൊച്ചിയിൽ ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ജോജുവിന്റെ വാഹനം തല്ലിതകർത്തവരെ പോലീസ് തിരിച്ചറിഞ്ഞു. കോൺഗ്രസ് പ്രവർത്തകൻ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.
സംഭവത്തിൽ ജോജു ജോർജ്ജിനൊപ്പം കാറിൽ ഉണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. വണ്ടിക്ക് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ജോജു അടുത്തിടെ സ്വന്തമാക്കിയ പുതിയ ലാൻഡ് റോവർ ഡിഫൻഡറാണ് ആക്രമണത്തിൽ തകർന്നത്. പുറത്തിറങ്ങിയാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 147, 149, 283, 341, 323, 294(ബി), 427, 506 എന്നീ വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സമരത്തിനെതിരെ പ്രതിഷേധിച്ച ജോജുവിന്റെ വാഹനം കടന്നു പോകാൻ അനുവദിക്കില്ലെന്ന നിലപാടായിരുന്നു കോൺഗ്രസ് നേതാക്കൾ എടുത്തത്. കണ്ടാലറിയുന്ന ഒരാൾ വാഹനത്തിന്റെ ഡോർ ബലമായി തുറന്ന് ജോജുവിന്റെ ഷട്ടിൽകുത്തി പിടിച്ച് അസഭ്യം പറഞ്ഞു. ഇതിനിടെയാണ് വാഹനത്തിന് പിന്നിലെ ചില്ല് കല്ല് ഉപയോഗിച്ച് അടിച്ച് തകർത്തത്. പ്രതിഷേധം കനത്തതോടെ ഒടുവിൽ സിഐ തന്നെ വാഹനത്തിൽ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു.