എസ്.ബി.ഐ ഉപഭോക്താക്കൾക്ക് എ.ടി.എം ചാർജ് വർധന; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
ഷീബ വിജയൻ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഉപഭോക്താക്കൾ മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുമ്പോൾ നൽകേണ്ടി വരുന്ന സേവന നിരക്കുകൾ വർധിപ്പിച്ചു. സേവിങ്‌സ് അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്ന് അഞ്ച് തവണ വരെ സൗജന്യമായി പണം പിൻവലിക്കാം. എന്നാൽ ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും ഇനി മുതൽ 23 രൂപയും ജി.എസ്.ടിയും നൽകണം. നേരത്തെ ഇത് 21 രൂപയായിരുന്നു.
സാലറി അക്കൗണ്ട് ഉടമകൾക്ക് മുമ്പ് മറ്റ് എ.ടി.എമ്മുകളിൽ പരിധിയില്ലാത്ത സൗജന്യ ഇടപാടുകൾ അനുവദിച്ചിരുന്നെങ്കിലും പുതിയ നിയമപ്രകാരം ഇത് പത്തായി പരിമിതപ്പെടുത്തി. പത്തിന് ശേഷമുള്ള ഓരോ ഇടപാടിനും 23 രൂപയും ജി.എസ്.ടിയും ഈടാക്കും. കറന്റ് അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്ക് എ.ടി.എമ്മുകളിൽ സൗജന്യ ഇടപാടുകൾ അനുവദിക്കില്ല. അതേസമയം, കിസാൻ ക്രെഡിറ്റ് കാർഡ്, ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് ഉടമകൾക്ക് നിലവിലുള്ള പരിധികൾ ബാധകമല്ല.

