കേരളത്തിലെ വാരാന്ത്യ ലോക്ഡൗൺ ഇളവ് ഇന്ന് കൂടി മാത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗൺ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയിൽ‍ നിയന്ത്രണങ്ങൾ‍ പാലിച്ച് കടകൾ‍ക്ക് ഇന്നും പ്രവർ‍ത്തനാനുമതിയുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തിൽ‍ കൂടുതൽ‍ നിയന്ത്രണങ്ങൾ‍ വേണമോ എന്ന കാര്യത്തിൽ‍ അന്തിമ തീരുമാനമെടുക്കും. അടുത്ത ഞായറാഴ്ച സന്പൂർ‍ണ്ണ ലോക്ഡൗൺ ആയിരിക്കും.

ഓണത്തിരക്ക് മുൻ‍കൂട്ടി കണ്ടാണ് സംസ്ഥാന സർ‍ക്കാർ‍ കൂടുതൽ‍ ഇളവുകൾ‍ നൽ‍കാൻ നേരത്തെ തീരുമാനമെടുത്തത്. കടകൾ‍ക്ക് ബാധകമായ നിയന്ത്രണങ്ങൾ‍ പാലിച്ച് ഷോപ്പിംഗ് മാളുകൾ‍ തിങ്കൾ‍ മുതൽ‍ ശനി വരെ പ്രവർ‍ത്തിക്കാമെന്നായിരുന്നു നിർ‍ദേശം. രാവിലെ ഏഴു മുതൽ‍ വൈകിട്ട് ഒന്‍പതു മണി വരെ വരെയായിരുന്നു പ്രവർ‍ത്തനാനുമതി.അതേസമയം ആഘോഷവേളകളിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.

ഓഗസ്റ്റ് 15 കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ഡൗൺ ഉണ്ടായിരുന്നില്ല. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

You might also like

Most Viewed