കുറ്റ്യാടിയിൽ നടപടിയുമായി സിപിഎം; ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ വിമത നീക്കത്തില്‍ കടുത്ത നടപടിയുമായി സിപിഎം. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ടു. ഇവിടെ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായ പ്രതിഷേധത്തിന് ഒത്താശ നല്‍കിയെന്നാരോപിച്ച് എംഎല്‍എയായ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. പ്രകടനത്തിനു നേതൃത്വം നൽകിയെന്നു പാർട്ടി കണ്ടെത്തിയ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി. കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രി, മോഹന്‍ദാസ് എന്നിവർക്കെതിരേയാണ് നടപടി. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ്- എമ്മിന് നല്‍കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ഇതിനെതിരെ പരസ്യപ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.