സ്വർണക്കടത്ത്: ടിപി കേസ് പ്രതികളുടെ റോളെന്ത് എന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്


കണ്ണൂർ: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സ്വർണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘാംഗവും കാരിയറും തമ്മിൽ നടത്തുന്നു ഫോൺ സംഭാഷണം പുറത്ത്. സ്വർണക്കടത്തിന് പിന്നിലെ ക്വട്ടേഷൻ ടീമിൽ ആരൊക്കെ, പൊട്ടിക്കുന്ന സ്വർണം എങ്ങനെ പങ്കിടണം, ഇതിൽ ടിപി കേസ് പ്രതികളുടെ റോളെന്ത് എന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. സ്വർണം കടത്തുന്ന സംഘങ്ങൾ രൂപീകരിച്ച വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണ് സംഭാഷണം ചോർന്നത്. കണ്ണൂർ, കരിപ്പൂർ എയർപോർട്ടുകളിൽ നിന്നുള്ള സ്വർണക്കടത്തിനെക്കുറിച്ചും സംഭാഷണത്തിലുണ്ട്. പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതംവച്ച് ഒരു ഭാഗം പാർട്ടിക്കെന്ന് സംഘത്തിലെ ഒരാൾ പറയുന്ന ശബ്ദരേഖയാണ് ലഭിച്ചിട്ടുള്ളത്. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് പാർട്ടി എന്ന് ശബ്ദസംഭാഷണത്തിൽ വിശേഷിപ്പിക്കുന്നത്. ഇവർക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും ശബ്ദരേഖയിലുണ്ട്. സ്വർണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വർണം എന്തുചെയ്യണം, ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഒരുഭാഗം പൊട്ടിക്കുന്നവർക്ക്, ഒരു പങ്ക് കടത്തുന്നതവർക്ക്, മൂന്നാമത്തെ പങ്ക് കൊടി സുനി അടങ്ങുന്ന പാർട്ടിക്കും എന്നാണ് വീതംവയ്പിനെക്കുറിച്ച് പറയുന്നത്. ഉടമസ്ഥന് നൽകാതെ തങ്ങൾക്ക് സ്വർണം നൽകാൻ ഭയപ്പെടേണ്ടന്നും സംരക്ഷണം ഒരുക്കാമെന്നുമുള്ള സംഭാഷണത്തിൽ പാർട്ടി സംഘങ്ങളെ ഉപയോഗിച്ച് കൊള്ള നടത്തിയാൽ ഉടമകൾക്ക് ഭയമുണ്ടാകുമെന്നും പറയുന്നു. 

ക്വട്ടേഷൻ സംഘാംഗം കാരിയറുമായി സംസാരിക്കുന്ന സംഭാഷണം: “കണ്ണൂർ ജില്ലയിലും കോഴിക്കോടും കളിക്കുന്നത് ആരാണെന്ന് അറിയില്ലേ. പാർട്ടിയുടെ ആരാണെന്ന് അറിയില്ലേ. അതിനാണ് മൂന്നിലൊരു ഭാഗം പാർട്ടിക്കാർക്ക് കൊടുക്കുന്നത്... നിന്നെ സെയ്ഫാക്കാനാണ്. മനസിലായോ... ഒന്നുമില്ലാത്ത ഒരു ഉടമസ്ഥനാണെങ്കിൽ പിന്നെ അന്വേഷിച്ചുവരില്ല. ഇത്തിരി സ്വാധീനമുള്ളയാൾ ചിലപ്പോൾ അന്വേഷിച്ചുവരാം. ഷാഫിക്കയുടെ ടീമാണെന്നു പറഞ്ഞാൽ അവർ മടങ്ങും. നേരെമറിച്ച് നീ ഒറ്റയ്ക്കാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവർ പിന്തുടർന്നുകൊണ്ടേയിരിക്കും. പാർട്ടി കൂടെയുണ്ടെങ്കിൽ അവർ വിളിച്ചുപറയും. ഞങ്ങളാണ് എടുത്തതെന്ന്. നിങ്ങൾ ബേജാറാവണ്ടായെന്ന്. പിന്നെ അവർ ആ വഴിക്കു വരില്ല. കഴിഞ്ഞ നാലുമാസത്തിനുള്ളിൽ ഇത്തരത്തിൽ ഒരുപാട് ഗെയിം നടന്നിട്ടുണ്ട്. ഒരു പ്രശ്നവുമില്ല, ഒരു ഓണറും പിന്നാലെ വരില്ല. തന്നുവിടുന്നവർ നല്ല സാന്പത്തികമുള്ളയാളാണെങ്കിൽ ഒറ്റത്തവണ കോൾ ചെയ്യും. അല്ലെങ്കിൽ നാട്ടിൽ വന്നിട്ട് ഓന്‍റെ സുഹൃത്തുക്കളോടന്വേഷിക്കും. പത്തു പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാൽ കിട്ടൂലാന്നറിഞ്ഞാൽ ഒഴിവാക്കും. എയർപോർട്ടിൽ നമ്മുടെ ടീം കൂട്ടാൻ വരും. നീ അവരുടെയൊപ്പം കയറുക. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഈ മൂന്നുപേരിൽ രണ്ടുപേർ ഒരുമിച്ചുണ്ടാകും.”

You might also like

  • Lulu Exchange
  • Straight Forward

Most Viewed