റേഞ്ച് റോവർ വിവാദം: മന്ത്രി കെ.എം. ഷാജിയുടെ അവകാശവാദം തെറ്റെന്ന് രേഖകൾ
ഷീബ വിജയൻ
തിരുവനന്തപുരം: റേഞ്ച് റോവർ വാഹനം ഉപയോഗിച്ച വിഷയത്തിൽ മന്ത്രി കെ.എം. ഷാജി ഉന്നയിച്ച അവകാശവാദങ്ങൾ തള്ളുന്ന ഔദ്യോഗിക രേഖകൾ പുറത്ത്. ആഗസ്റ്റ് 16, 17 തീയതികളിൽ നടത്തിയ കുടക് യാത്രയ്ക്ക് മാത്രമാണ് പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് വാഹനം ഉപയോഗിക്കാൻ അനുമതി തേടിയതെന്നാണ് പുതിയ കണ്ടെത്തൽ. മറ്റ് യാത്രകൾക്ക് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിന്റെ അനുമതി പത്രം മാധ്യമങ്ങൾക്ക് ലഭിച്ചു.
വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ അനുവദിച്ച വാഹനം സർവീസിന് നൽകിയപ്പോഴാണ് സ്വകാര്യ വാഹനം ഉപയോഗിച്ചതെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ ആദ്യ വിശദീകരണം.
വിവാദം കനത്തതോടെ, ആവശ്യമായ അനുമതിയോടെയാണ് റേഞ്ച് റോവർ ഉപയോഗിച്ചതെന്നും സുഹൃത്തുക്കളുടെ വാഹനങ്ങൾ ഇനിയും ഉപയോഗിക്കുമെന്നും വ്യക്തമാക്കി മന്ത്രി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാൽ നിലവിൽ പുറത്തുവന്ന രേഖകൾ മന്ത്രിയുടെ മുൻ വാദങ്ങളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
asdaf

