ലോക്ഡൗണിൽ കൂടുതൽ ഇളവുകളില്ല; ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിച്ചത്.
ഒരാഴ്ചകൂടി നിയന്ത്രണങ്ങൾ തുടരാനും യോഗത്തിൽ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനും സാധ്യതയുണ്ട്. നിലവിൽ ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിനെ പോലീസും ആരോഗ്യവകുപ്പും എതിർത്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും.

