എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജൻസിയുടെ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തുന്നു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് ഇവർ പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെ ഓഫീസിന്‍റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എൻഐഎ സംഘം പരിശോധിച്ചു. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.
എൻഐഎ അസിസ്റ്റന്‍റ് പ്രോഗ്രാമർ വിനോദിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. 15 പേരടങ്ങിയ എൻഐഎ സംഘമാണ് സെക്രട്ടേറിയറ്റിൽ എത്തിയിരിക്കുന്നത്. ആദ്യം ഇവ പൊതുഭരണവകുപ്പിന്‍റെ സർവർ റൂമിലെത്തി പരിശോധിച്ചു. ഇവിടെയാണ് സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിക്കുന്ന സർവറുകളുള്ളത്. ഇതിൽ നിന്ന് എൻഐഎ ആവശ്യപ്പെട്ട കാലയളവിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും കോപ്പി ചെയ്ത് നൽകണമെങ്കിൽ വലിയ ഹാർഡ് ഡിസ്ക് തന്നെ വേണ്ടി വരുമെന്നാണ് പൊതുഭരണവകുപ്പ് എൻഐഎയെ അറിയിച്ചത്. 2019 ജൂലൈ മുതലിങ്ങോട്ടുള്ള സെക്രട്ടേറിയറ്റിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളുമാണ് എൻഐഎ ശേഖരിക്കുന്നത്.

