മുതലപ്പൊഴിയിൽ തെരച്ചിൽ അവസാനിപ്പിച്ചതിൽ വൻ ജനരോഷം: അഞ്ചുതെങ്ങിൽ റോഡ് ഉപരോധിച്ചു
ഷീബ വിജയൻ
ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബറിന് സമീപം മത്സ്യബന്ധന ബോട്ട് അപകടത്തിൽപെട്ട് കാണാതായ ഷിജിന് വേണ്ടിയുള്ള തിരച്ചിൽ അധികൃതർ അവസാനിപ്പിച്ചതോടെ തീരദേശത്ത് വൻ പ്രതിഷേധം. മത്സ്യത്തൊഴിലാളികളും ഷിജിന്റെ ബന്ധുക്കളും സമരവുമായി രംഗത്തിറങ്ങി. വെള്ളിയാഴ്ച രാവിലെ മുതൽ മുതലപ്പൊഴി തീരദേശ പോലീസ് സ്റ്റേഷനു മുന്നിൽ ശക്തമായ മഴയെപ്പോലും അവഗണിച്ച് ജനങ്ങൾ തടിച്ചുകൂടുകയും തീരദേശപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഷിജിന്റെ ഭാര്യയും മക്കളും ബന്ധുക്കളുമാണ് ആദ്യം സമരരംഗത്തിറങ്ങിയത്, തുടർന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഇതിനൊപ്പം ചേരുകയായിരുന്നു.
രാവിലെ പുലിമുട്ട് ഭാഗത്ത് ചൂണ്ടയിടുന്നവർ ചില സംശയങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ വള്ളങ്ങളിൽ എത്തി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുൻ ദിവസങ്ങളിൽ പേരിനെങ്കിലും തെരച്ചിൽ നടന്നിരുന്നെങ്കിലും വെള്ളിയാഴ്ച അത് പോലുമില്ലാതായതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. സമരത്തെ തുടർന്ന് തീരദേശ പോലീസ് സ്റ്റേഷന്റെ പ്രവർത്തനവും പാത വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. വർക്കല ഡിവൈ.എസ്.പി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടെങ്കിലും, ഫിഷറീസ് വകുപ്പ് ഡി.ഡി ഷീജ മേരി എത്തി മന്ത്രി നേരിട്ടെത്തി ചർച്ച നടത്തുമെന്ന് ഉറപ്പു നൽകിയതോടെ വൈകുന്നേരം മൂന്നോടെ മുതലപ്പൊഴിയിലെ സമരം അവസാനിച്ചു.എന്നാൽ ഉടൻ തന്നെ അഞ്ചുതെങ്ങ് ജംഗ്ഷൻ കേന്ദ്രീകരിച്ച് ഷിജിന്റെ നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചകൾക്കൊടുവിൽ ഒന്നര മണിക്കൂറിന് ശേഷമാണ് ഈ ഉപരോധവും അവസാനിപ്പിച്ചത്.
സംഭവ സ്ഥലവും ഷിജിന്റെ കുടുംബത്തെയും സന്ദർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, തെരച്ചിൽ ഊർജിതമാക്കണമെന്നും ഷിജിന്റെ ഭാര്യ സ്റ്റിജിക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ച ശ്രീമോന്റെ വീടും അദ്ദേഹം സന്ദർശിച്ചു. ഒ.എസ്. അംബിക എം.എൽ.എ, വി. ശിവൻകുട്ടി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അതേസമയം, കാണാതായ ഷിജിൻ (32), ജോണി മത്തിയാസ് (61) എന്നിവർക്കായി സംയുക്ത തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് സർക്കാർ അറിയിച്ചു. കോസ്റ്റ് ഗാർഡ് കപ്പലുകൾക്ക് പുറമെ ഡൊണിയർ വിമാനം ഉപയോഗിച്ചുള്ള വ്യോമനിരീക്ഷണവും നടക്കുന്നുണ്ട്. വിഴിഞ്ഞത്തുനിന്നുള്ള സ്കൂബ ഡൈവിംഗ് സംഘം ശ്രമിച്ചെങ്കിലും പ്രക്ഷുബ്ധമായ കടലും മോശം കാലാവസ്ഥയും ദൗത്യത്തിന് തടസ്സമായി.
മന്ത്രി സി.പി. ജോണിന്റെ സാന്നിധ്യത്തിൽ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫൊറോന പള്ളിയിൽ ചേർന്ന യോഗത്തിൽ, തെരച്ചിൽ നിർത്തിവെക്കില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
dsfdfasdq

