കുട്ടനാട്ടിലും പരിസരങ്ങളിലും ദുരിതം തുടരുന്നു: ആലപ്പുഴയിൽ 127 ദുരിതാശ്വാസ ക്യാമ്പുകൾ
ഷീബ വിജയൻ
ആലപ്പുഴ: സമീപ ജില്ലകളിൽ മഴ കനത്തതോടെ കുട്ടനാട്ടിൽ ആശങ്ക. വീണ്ടും പമ്പാനദിയിൽ ജലനിരപ്പ് കൂടിയതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ജില്ലയിൽ പള്ളാത്തുരുത്തി പ്രദേശം റെഡ് അലർട്ടിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം പൂർണമായി ഒഴുകിപ്പോകുന്നതിന് മുമ്പാണ് വീണ്ടും കിഴക്കൻ വെള്ളം എത്തുന്നത്. ഇതോടെ പല മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിൽ 127 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 6487 കുടുംബങ്ങളിൽനിന്ന് 18057 പേരെയാണ് മാറ്റി പാർപ്പിച്ചത്. ഇതിൽ 7401 പുരുഷന്മാരും 8514 സ്ത്രീകളും 2142 കുട്ടികളും ഉൾപ്പെടും. ചെങ്ങന്നൂർ-40, കുട്ടനാട്-33, കാർത്തികപ്പള്ളി-23, മാവേലിക്കര-15, ചേർത്തല-അഞ്ച്, അമ്പലപ്പുഴ-11 എന്നിങ്ങനെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
579 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 162 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുമുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ചേർത്തലയിലാണ് - 94.9 മില്ലീമീറ്റർ. എന്നാൽ ജില്ലയുടെ മറ്റ് മേഖലകളെ അപേക്ഷിച്ച് ഇവിടെ പ്രശ്നങ്ങൾ രൂക്ഷമല്ല. മാവേലിക്കര 26.4 മി.മീ, ഹരിപ്പാട് 20.4 മി.മീ, കായംകുളം 15.8 മി.മീ എന്നിങ്ങനെയാണ് കണക്കുകൾ. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളായ നൂറനാട് 12.5, കരുമാടി 12.5 എന്നിങ്ങനെയും മഴ രേഖപ്പെടുത്തി.
വെള്ളം കയറിയ വീടുകളിലും റോഡുകളിലും പാടശേഖരങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ആലപ്പുഴ ചങ്ങനാശേരി റോഡിൽ ജലനിരപ്പിൽ കാര്യമായ കുറവില്ല. നിലവിൽ കെ.എസ്.ആർ.ടി.സി അടക്കമുള്ള വലിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. എടത്വ മേഖല ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. 12ഓളം ക്യാമ്പുകളുണ്ടിവിടെ. ജലനിരപ്പിൽ നേരിയ കുറവ് മാത്രമാണുള്ളത്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന അമ്പലപ്പുഴ-തിരുവല്ല കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ പുനരാരംഭിച്ചു.
കാർത്തികപ്പള്ളി താലൂക്കിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. പമ്പ, അച്ചൻകോവിൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങി. ക്യാമ്പുകളിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു. 12 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ചെങ്ങന്നൂരിൽ തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ വെള്ളക്കെട്ട് കാര്യമായി കുറവുണ്ടായിട്ടുണ്ട്.
കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതിനാൽ പ്രദേശവാസികൾ നേരിയ ആശ്വാസത്തിലാണ്. തോട്ടപ്പള്ളി പൊഴിയിൽ നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പൊഴിമുഖത്തിന്റെ വീതി 200 മീറ്ററിലും കൂടുതലായി. കായലോര മേഖലകളിൽ ജലനിരപ്പിന് നേരിയ കുറവുണ്ടായിട്ടുണ്ട്. അമ്പലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുതിയതായി ആരുമെത്തിയിട്ടില്ല.
ചേർത്തല താലൂക്കിൽ വെള്ളക്കെട്ടുമൂലമുള്ള ദുരിതം രൂക്ഷമായി തുടരുന്നുണ്ട്. ആറായിരത്തോളം വീടുകളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. കളർകോട് ദേവസ്വംകരിയിൽ മടവീണു. പുലർച്ച ആറോടെയാണ് സംഭവം. സമീപത്തെ 190 പാടത്തെ രണ്ടാം കൃഷിയിറക്കിയിരുന്നില്ല. പകരം വെള്ളംകെട്ടിനിർത്തി മീൻ കൃഷി നടത്താനൊരുങ്ങുയായിരുന്നു. ഇതു മുൻകൂട്ടി കണ്ട് ദേവസ്വംകരി പാടശേഖരസമിതി കൃഷി വകുപ്പ്, കലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.
കൗൺസിലർ അടക്കമുള്ളവർ ചേർന്ന് ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് മാത്രമായിരുന്നു നൽകിയത്. തുടർന്ന് 190 പാടശേഖരത്തിന്റെ മട വീഴുകയായിരുന്നു. ഉച്ചയോടെയാണ് ബണ്ട് വീണ്ടും കെട്ടി വെള്ളംതടയാനായത്.
ssdsdsde

