പൗരത്വനിയമ ഭേദഗതി പ്രക്ഷോഭം: ജഐൻയു വിദ്യാർത്ഥി ദേവാംഗന കാലിതയ്ക്കു ജാമ്യം
ന്യൂഡൽഹി: പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കപ്പെട്ട ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി ദേവാംഗന കാലിതയ്ക്കു ജാമ്യം. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സുരേഷ് കുമാർ കൈതാണു ദേവാംഗനയ്ക്കു ജാമ്യം അനുവദിച്ചത്.
ഫെബ്രുവരിയിൽ നടന്ന പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിലാണ് ജഐൻയു വിദ്യാർത്ഥികളായ ദേവാംഗന കാലിത, നതാഷ നർവാൾ എന്നിവരെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വീടുകളിൽനിന്ന് അറസ്റ്റ് ചെയ്തത്. നാലു കേസുകളാണു പോലീസ് ദേവാംഗനയ്ക്കെതിരേ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 186,353 വകുപ്പുകൾ ഇവർക്കെതിരേ ചുമത്തി. വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23-ന് തൊട്ടടുത്ത ദിവസം ജാഫറബാദിലാണ് ഇവർ പ്രതിഷേധം സംഘടിപ്പിച്ചത്. സെന്‍റർ ഫോർ വുമണ്‍സ് സ്റ്റഡീസിലെ എംഫിൽ വിദ്യാർത്ഥിയാണു ദേവാംഗന. സെന്‍റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ പിഎച്ച്ഡി വിദ്യാർത്ഥിയാണ് നർവാൾ. പിഞ്ജ്ര ടോഡ് എന്ന വനിതാ വിദ്യാർത്ഥി സംഘടനയിലുള്ളവരാണിവർ.

