ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അടൂര്‍ പ്രകാശിന് പങ്കെന്ന് സിപിഎം
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ. കൊലപാതകത്തില്‍ കോൺഗ്രസ് നേതാവായ അടൂര്‍ പ്രകാശിന് പങ്കെന്ന് ആനാവൂര്‍ നാഗപ്പൻ ആരോപിച്ചു. മുൻപ് മൂന്നു മാസം മുന്പ് സിപിഎം പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാനുള്ള ശ്രമം നടന്നു. അന്ന് ആ കേസിലെ പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയത് അടൂര്‍ പ്രകാശായിരുന്നു. ആ കേസിലെ പ്രതികളാണ് ഈ കൊലപാതകങ്ങൾ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയിൽ അടൂര്‍ പ്രകാശനും പങ്കുണ്ടെന്നും ആനാവൂര്‍ നാഗപ്പൻ ആരോപിച്ചു.
ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്ഐ തേന്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡന്റും പാർട്ടി അംഗവുമാണ്.

