തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയ്ക്ക് കോവിഡ്
കൊല്ലം: കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. പള്ളിമൺ ഇളവൂർ വിമൽ നിവാസിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയെ (75) ആണു മരിച്ച നിലയിൽ കണ്ടത്. സംസ്ഥാനത്തു ഇന്നു റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കോവിഡ് മരണമാണിത്.
ഗൗരിക്കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ, സഹായി, ഇൻക്വസ്റ്റ് നടത്തിയ പോലീസ് ഉദ്യോഗസ്ഥർ, മൃതദേഹം തിരിച്ചറിയാനെത്തിയ മകൻ എന്നിവരെ നിരീക്ഷണത്തിലാക്കി.
11നു രാവിലെ 11.30ന് തൊട്ടിക്കര കാവിൽകടവ് ഭാഗത്ത് നാട്ടുകാരാണു മൃതദേഹം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. ബന്ധുക്കൾ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു.

