സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ്; സമ്പർക്കം വഴി 234 പേർക്ക് രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 488 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇവരിൽ 234 പേർക്കും സമ്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. പ്രതിദിന രോഗബാധിതരുടെയും സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെയും ഏറ്റവും ഉയർന്ന എണ്ണമാണ് ഇന്ന് രേഖപ്പെടുത്തിയത്. 87 പേർക്കു രോഗം സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ നില ആശങ്കപ്പെടുത്തുന്നതാണ്. ഇവരിൽ 51 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 167 പേർ വിദേശത്തു നിന്നും 76 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 143 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 12,104 സാന്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1,50,250 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് 570 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 195 ഹോട്ട്സ്പോട്ടുകളുണ്ട്.

