പ്രവാസി രോഷത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കി: മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനരോഷത്തിന് മുന്നിൽ ഒരിക്കൽക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമേറ്റ മറ്റൊരു തിരിച്ചടികൂടിയാണിത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തിൽ കടുംപിടിത്തം പാടില്ലെന്ന് കോൺഗ്രസും യുഡിഎഫും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. അത് അപ്രായോഗികവും പ്രവാസികൾക്ക് കടുത്ത ബുദ്ധുമുട്ടുണ്ടാക്കുന്നതുമാണ്. എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയുടെ സമീപനം ഇതുതന്നെയാണ്. ഉപദേശക വൃന്ദത്തിന്റെയും പിആർ സംഘത്തിന്റെയും തടവറയിലാണ് മുഖ്യമന്ത്രി. മികച്ച ഉപദേശങ്ങൾ കൊടുക്കാൻ കഴിവും കാര്യശേഷിയുമുള്ള ഉദ്യോഗസ്ഥർ കേരളത്തിലുണ്ട്. എന്നാൽ ഒന്നുകിൽ മുഖ്യമന്ത്രി അവരുടെ ഉപദേശങ്ങൾ കേൾക്കുന്നില്ല, അല്ലെങ്കിൽ ഉദ്യോഗസ്ഥർ ഉപദേശങ്ങൾ നൽകാൻ തയാറാകുന്നില്ലായെന്ന് കരുതേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അമിത വൈദ്യുതി ബില്ലിലും സ്പ്രിങ്കളർ വിവാദത്തിലും കോൺഗ്രസ് സമരം ശക്തമാക്കിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ബോധോദയമുണ്ടായത്. മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നഷ്ടമായെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രവാസി വിഷയത്തിലും ഉണ്ടായത് ഇതുതന്നെയാണ്. കേരളത്തിലേക്കുള്ള പ്രവാസികളുടെ വരവ് എങ്ങനെയും തടയാനാണ് തുടക്കം മുതൽ മുഖ്യമന്ത്രിയും കേരള സർക്കാരും ശ്രമിച്ചത്. അതിനെതിരേയാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും സമരമുഖത്ത് ഇറങ്ങിയതും. പ്രതിപക്ഷ സമരത്തെ പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോൾ സ്വന്തം തെറ്റുതിരുത്താൻ തയാറായത് സ്വാഗതാർഹമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

