സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്; 56 പേർ രോഗമുക്തി നേടി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 56 പേർ രോഗമുക്തരാകുകയും ചെയ്തു. കോഴിക്കോട് എട്ട് പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഏഴ് പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ആറ് പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്- മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ- 13, സൗദി അറേബ്യ- അഞ്ച്, നൈജീരിയ- മൂന്ന്, കുവൈറ്റ്- രണ്ട്) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 13, തമിഴ്‌നാട്- ഒൻപത്, കര്‍ണാടക- ഒന്ന്, ഡല്‍ഹി- ഒന്ന്, ഹരിയാന-ഒന്ന്) വന്നതാണ്.

മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂരിലെ രണ്ട് പേര്‍ക്കും മലപ്പുറത്തെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂര്‍ ജില്ലയിലെ രണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 56 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതിൽ പാലക്കാട് നിന്നുള്ള 27 പേരുണ്ട്. തൃശ്ശൂരിൽനിന്നുള്ള ഏഴ് പേരുടെയും, മലപ്പുറത്തുനിന്നുള്ള അഞ്ച് പേരുടെയും, തിരുവനന്തപുരം, ആലപ്പുഴ (ഒരു തിരുവനന്തപുരം സ്വദേശി), എറണാകുളം (ഒരു തൃശൂര്‍ സ്വദേശി, ഒരു കോഴിക്കോട് സ്വദേശി) ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും, വയനാട് കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 

ഇതോടെ 1340 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,101 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,767 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,40,744 പേര്‍ വീട്/സ്ഥാപന ക്വാറന്‍റൈനിലും 2023 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4848 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,12,962 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2851 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 30,785 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 28,935 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്‍റഡ് സാമ്പിള്‍, സെന്‍റിനല്‍ സാമ്പിൾ‍, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,49,1164 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed