മുൻ കേരള രഞ്ജി താരം ജയമോഹൻ തന്പിയുടെ മരണം മകന്‍റെ ക്രൂരമർദ്ദനത്തെ തുടർന്നെന്ന് പോലീസ്
തിരുവനന്തപുരം: മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐ ഡപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന കെ. ജയമോഹൻ തന്പിയുടെ മരണം മകന്‍റെ ക്രൂരമർദ്ദനത്തെ തുടർന്നെന്ന് പോലീസ്. അടിയേറ്റ് വീണ ജയമോഹനെ നിലത്തിട്ട് വീണ്ടും മർദ്ദിച്ചെന്ന് പോലീസ് പറയുന്നു. ജയമോഹന്‍റെ മരണവുമായി ബന്ധപ്പെട്ട് മൂത്ത മകൻ അശ്വിനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജയമോഹന്‍റെ മൂക്കിന് ശക്തിയായി ഇടിച്ചതിന്‍റെ ആഘാതത്തിൽ ചുവരിൽ തലയിടിച്ച് നിലത്ത് വീണു. എന്നാൽ വീണ്ടും വീണുകിടക്കുന്ന ജയമോഹനെ അശ്വിൻ മർദിച്ചു.
സംഭവം നടക്കുന്നതിന് മുൻപ് ജയമോഹന്‍റെ സഹായി ആയിരുന്ന പ്രദേശവാസി ഈ വീട്ടിൽ ഉണ്ടായിരുന്നു. ജയമോഹന്‍റെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. സഹായിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇരുവരെയും ഒരുമിച്ചിരുത്തിയും വെവ്വേറെയുമാണ് ചോദ്യം ചെയ്യുന്നത്. ജയമോഹന്‍റെ എടിഎം കാർഡും പേഴ്സും കൈകാര്യം ചെയ്തിരുന്നത് അശ്വിൻ ആയിരുന്നു. സംഭവ ദിവസം ജയമോഹൻ പഴ്സും എടിഎം കാർഡും അശ്വിനോട് മടക്കി ചോദിച്ചിരുന്നു. ഇതേ ചൊല്ലിയാണ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നെറ്റിയിലെ ആഴത്തിലുള്ള മുറിവാണ് തമ്പിയുടെ മരണകാരണം. മർദനത്തെ തുടർന്ന് അബോധാവസ്ഥയിലായ തന്പിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്ന് പറയുന്നു.




