കോവിഡ്; മുൻനിലപാട് തിരുത്തി ലോകാരോഗ്യസംഘടന ഉദ്യോഗസ്ഥ


ജനീവ: കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്ന് രോഗം മറ്റൊരാളിലേക്ക് പകരുന്നത് അപൂർവമാണെന്ന പ്രസ്താവന തിരുത്തി ലോകാരോഗ്യസംഘടന. ഡബ്ല്യുഎച്ച്ഒയുടെ കൊറോണ വൈറസ് പ്രതികരണവിഭാഗം മേധാവി മരിയ വാൻ കെർകോവ് ആണ് തന്‍റെ മുൻനിലപാട് തെറ്റിദ്ധാരണമൂലമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

രോഗികളുടെ സമ്പർക്കവിവരങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പലരാജ്യങ്ങളും നൽകിയ വിവരങ്ങളനുസരിച്ച് ലക്ഷണങ്ങളില്ലാത്തയാൾ മറ്റൊരാൾക്ക് രോഗംപരത്താനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു മരിയ അഭിപ്രായപ്പെട്ടത്. എന്നാൽ ഇതിനെതിരെ ശാസ്ത്ര ലോകത്തിനിടയിൽനിന്ന് വലിയ വിമർശമാണ് ഉണ്ടായത്. ഇതുവരെയുള്ളതിൽനിന്ന് കടകവിരുദ്ധമായ പ്രസ്താവനയാണ് ഡബ്ല്യുഎച്ച്ഒയിൽനിന്ന് ഉണ്ടായിരിക്കുന്നതെന്ന് പാരീസിലെ പ്രമുഖഡോക്ടറായ പ്രഫസർ ഗിൽ‌ബർട്ട് ഡിറെ പറഞ്ഞു. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്ന് രോഗം മറ്റൊരാളിലേക്ക് പകരില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മരിയ വാൻ കെർകോവിന്‍റെ പ്രസ്താവന തന്നെ അതിശയിപ്പിച്ചെന്ന് ലണ്ടൻ‌ സ്കൂൾഓഫ് ട്രോപിക് മെഡിസിനിലെ ക്ലിനിക്കൽ എപിഡമോളജി പ്രഫസർ ലെയിം സ്മിത്ത് പറഞ്ഞു.
രോഗികളിൽ 30 മുതൽ 50 ശതമാനംവരെ രോഗലക്ഷണം കാണിക്കാത്തവരിൽനിന്നാവാം പകർന്നതെന്നാണ് ഇന്നുവരെയുള്ള ഏറ്റവും മികച്ച ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പകുതിയോളം കേസുകൾ രോഗലക്ഷണം കാണിക്കാത്തവരിൽനിന്നാണ് ഉണ്ടായത്- അദ്ദേഹം പറഞ്ഞു. ഇതോടെ തന്‍റെ പ്രസ്താവന തെറ്റിദ്ധാരണമൂലമാണെന്ന് തിരുത്തി മരിയ വാൻ കെർകോവ് രംഗത്തെത്തി. താൻ ഏതാനും പഠനങ്ങളെ മാത്രമാണ് ആശ്രയിച്ചത്. താൻ പറഞ്ഞത് ലോകാരോഗ്യസംഘടനയുടെ നിലപാടല്ല. വളരെ അപൂർവമെന്ന വാക്ക് താൻ ഉപയോഗിച്ചു. ഇതാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും അവർ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed