ഭാര്യയുമായി പിണങ്ങി ട്രാൻസ്‌ഫോർമർ പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി; യുവാവിനെതിരെ കേസെടുത്തു


ഷീബ വിജയൻ I കേരളം

പത്തനംതിട്ട: കുടുംബവഴക്കിനെത്തുടർന്ന് 11 കെവി ട്രാൻസ്‌ഫോർമർ പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചെന്നീർക്കര കരിപ്പുഴ സ്വദേശി ആരോമലിനെതിരെയാണ് (23) പത്തനംതിട്ട പോലീസ് നടപടിയെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെ ചെന്നീർക്കര ഊന്നുകല്ല് ജംഗ്ഷനിലായിരുന്നു സിനിമാരംഗങ്ങളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഭാര്യയുമായി പിണങ്ങിയ ആരോമൽ കയ്യിൽ ബ്ലേഡുമായാണ് വൈദ്യുത പോസ്റ്റിന് മുകളിൽ കയറിയത്. ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. അപകടസാധ്യത കണക്കിലെടുത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ യുവാവ് പോസ്റ്റിന് മുകളിലെ ലൈനുകളിലൂടെ നീങ്ങാൻ തുടങ്ങിയത് പരിഭ്രാന്തി പരത്തി.

ഒടുവിൽ ഫയർഫോഴ്സ് അംഗങ്ങളായ എസ്. പ്രദീപ് കുമാർ, സി. രമേഷ് കുമാർ, എസ്. മനോജ് എന്നിവർ സാഹസികമായി പോസ്റ്റിന് മുകളിൽ കയറി റോപ്പിന്റെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്തോടെ ഇയാളെ താഴെയിറക്കുകയായിരുന്നു. പരിക്കുകളൊന്നുമില്ലാത്ത യുവാവിനെ പ്രാഥമിക പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ആത്മഹത്യാ ഭീഷണി മുഴക്കിയതിനുമാണ് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

article-image

aa

You might also like

  • NEC

Most Viewed