ശരീര സൗന്ദര്യമത്സരത്തിൽ ഇന്ത്യയുടെ അഭിമാനമായി മലയാളിയായ ചിത്തരേഷ് നടേശന്‍: അഭിനന്ദിച്ച് കായിക മന്ത്രി
കൊച്ചി: ശരീര സൗന്ദര്യമത്സരത്തിൽ ഇന്ത്യയുടെ അഭിമാനമായി മലയാളിയായ ചിത്തരേഷ് നടേശന്‍. ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡിബില്‍ഡിങ്ങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ ചിത്തരേഷന്‍ മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ മാസം ഇന്തൊനേഷ്യയില്‍ നടന്ന ഏഷ്യന്‍ ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ ഏഷ്യയായിരുന്നു ചിത്തരേഷ്. കൊച്ചി വടുതല സ്വദേശിയാണ് 33 കാരനായ ചിത്തരേശ്.
ഈ നേട്ടം കൈവരിച്ച ചിത്തരേശിനെ കായിക മന്ത്രി ഇ,പി ജയരാജന്‍ അഭിനന്ദിച്ചു. സ്പോര്‍ട്സില്‍ രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാളിയായ ചിത്തരേഷ് നടേശനെന്ന് മന്ത്രി പറഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ നേട്ടം കൈവരിച്ചതിലെ സന്തോഷം ഫേസ് ബുക്കിലാണ് മന്ത്രി ഫോട്ടോ സഹിതം കുറിച്ചത്.
ലോക കിരീടം ചൂടി നാടിന് അഭിമാനമായെങ്കിലും കടുത്ത സാമ്പത്തികമായ പ്രതിസന്ധികളെ മറികടക്കാൻ ആകാതെ വിഷമത്തിലാണ് ചിത്തരേഷ് ഇപ്പോഴും. ഒരു സർക്കാർ ജോലിയാണ് ഈ ചെറുപ്പക്കാരന്റേയും ആഗ്രഹം. ജീവിതം കരയ്ക്ക് അടുപ്പിക്കാനും കായിക ജീവിതം മുന്നോട്ടു കൊണ്ടു പോകാനും ജോലിയില്ലാതെ സാധിക്കില്ല. പശുവിനെ വളർത്തിയാണ് ചിത്തരേഷിന്റെ കുടുംബം ഇപ്പോഴും ഉപജീവനം കഴിക്കുന്നത്. പിതാവ് പശുവിനെ വളർത്തിയാണ് തന്റെ കുടുംബം പോറ്റുന്നതെന്ന് പറയാൻ ചിത്തരേഷിന് അഭിമാനം മാത്രം.
കഷ്ടപ്പാടുകൾക്ക് ഇടയിലും ലോക കിരീടം സ്വന്തമാക്കാൻ ചിത്തരേഷിനു തുണയായത് ഉറ്റ സുഹൃത്തും കോച്ചുമായ എം.പി സാഗറിന്റെ ചിട്ടയായ പരിശീലനമാണ്. ഒരു ദിവസംപോലും മടിപിടിച്ച് ഇരിക്കാൻ സമ്മതിക്കാതെ, ഇഷ്ടമുള്ള ഭക്ഷണവും ചടങ്ങുകളും ആഘോഷങ്ങളും നാടും ത്യജിച്ചുള്ള കഠിനമായ പരിശീലനത്തിന് കൂടെ നിന്നത് സാഗറാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ നാടും കൂട്ടുകാരും കൂടെ നിന്നത് ചിത്തരേഷിന് ധൈര്യമായി. പലപ്പോഴും സാമ്പത്തികമായി സഹായിച്ചു. ഹൈബി ഈഡൻ എം.പിയും വ്യക്തിപരമായി തന്നെ സഹായിച്ചിട്ടുണ്ടെന്നു ചിത്തരേഷ് പറയുന്നു.
ഡൽഹിയിൽ ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുകയാണ് ചിത്തരേഷ്. നേരത്തെ മുതൽ പല ചാംപ്യൻഷിപ്പുകളിലും ചിത്തരേഷ് പങ്കെടുത്തിരുന്നു എന്നാൽ അതെല്ലാം ഡൽഹിയെ പ്രതിനിധീകരിച്ചായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തിൽത്തന്നെ സ്വപ്ന നേട്ടം കരസ്ഥമാക്കിയാണ് ചിത്തരേഷ് വിസ്മയമായത്. 90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടിയ ചിത്തരേഷ് തുടർന്നു നടന്ന മത്സരത്തിൽ 55-110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒൻപതു ലോക ചാംപ്യൻമാരെ പരാജയപ്പെടുത്തിയാണു മിസ്റ്റർ യൂണിവേഴ്‌സ് നേടിയത്.

