കൊച്ചി മേയറുടെ കസേര തെറിക്കും; സൗമിനിയെ മാറ്റാനായി കോണ്‍ഗ്രസില്‍ മുറവിളി
കൊച്ചി: വെള്ളക്കെട്ട് പ്രശ്നത്തില്‍ രൂക്ഷവിമര്‍ശനം നേരിടുന്ന കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍റെ കസേര തെറിച്ചേക്കും. സൗമിനി ജെയ്നിനെ ഇനിയും കൊച്ചി മേയറായി തുടരാന്‍ അനുവദിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും പിന്നീട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന വികാരം എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായിട്ടുണ്ട്.
എറണാകുളത്തെ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ മേയര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ മേയര്‍ പദവിയില്‍ തുടരുക എന്നത് സൗമിനി ജെയ്നിന് വെല്ലുവിളിയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ സന്നദ്ധയാണെന്ന് അവര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും തീരുമാനം വരും എന്നാണ് സൂചന.
നിലവില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായ ടിജെ വിനോദ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ പുതിയ ഡെപ്യൂട്ടി മേയറെ കണ്ടത്തേണ്ടി വരും. ഇതോടൊപ്പം കൊച്ചി മേയറേയും മാറ്റണമെന്ന നിര്‍ദേശം സജീവമായി പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ട്. സൗമിനിയെ മാറ്റുക തന്നെ വേണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി രാമചന്ദ്രനേയും അറിയിച്ചിട്ടുണ്ട്.

