തുലാവര്‍ഷം ശക്തിപ്രാപിച്ചു, കേരളത്തിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തുലാവർഷം ശക്തിപ്രാപിച്ചതിനാൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് അറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. ശക്തമായ കാറ്റ് വീശാനിടയുളളതിനാൽ മത്സത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉച്ചക്ക് ശേഷം ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഇന്നലെ കേരള ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളത്തിൽ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾക്ക് കനത്ത ജാഗ്രതാ നിദ്ദേശമാണ് നൽകിയിരിക്കുന്നത്.

