അടൂരിനെ അധിക്ഷേപിച്ച സംഭവം: ബി. ഗോപാലകൃഷ്ണനെ തള്ളി ബി.ജെ.പി
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ പാർട്ടി വക്താവ് ബി.ഗോപാലകൃഷ്ണനെ തള്ളി സംസ്ഥാന ബി.ജെ.പി നേതൃത്വം. അടൂരിനെതിരെ ഗോപാലകൃഷ്ണൻ പ്രയോഗിച്ച ഭാഷ തെറ്റാണെന്ന് നേതൃത്വം വ്യക്തമാക്കി. ഗോപാലകൃഷ്ണന്‍റെ അടൂർ വിമർശന എഫ്.ബി പോസ്റ്റ് ബി.ജെ.പിക്കെതിരായ സി.പി.എം പ്രചാരണത്തിന് വളമിടുന്നതാണെന്ന് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ആൾക്കൂട്ടക്കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് അടൂർ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് ബി.ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ അന്യഗ്രഹങ്ങളിലേക്ക് പോകണമെന്നായിരുന്നു ബി.ഗോപാലകൃഷ്ണന്‍റെ ഭീഷണി.

