പതിമൂന്ന് വയസ്സുകാരിയുടെ വ്യാജ പീഡന പരാതിയിൽ യുവാവിന് കസ്റ്റഡി മർദ്ദനം: കൂടൽ എസ്‌ഐയെ സ്ഥലംമാറ്റി
ഷീബ വിജയൻ
പത്തനംതിട്ട: പതിമൂന്ന് വയസ്സുകാരി നൽകിയ വ്യാജ ലൈംഗിക പീഡന പരാതിയുടെ പേരിൽ കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജയ്‌മോനെ സ്ഥലംമാറ്റി. കോന്നി സിഐയുടെ ചുമതലയിലുണ്ടായിരുന്ന കൂടൽ സ്റ്റേഷനിലെ സിഐക്കെതിരെയുള്ള അച്ചടക്ക നടപടിയിൽ ഡിഐജി അന്തിമ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഡിഐജിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഈ മാസം ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. താൻ പീഡിപ്പിക്കപ്പെട്ടുവെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഉൾപ്പെടെ ആറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിൽ പത്തനാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഹൃദ്രോഗിയായ ഇരുപതുകാരനെ പോലീസ് ക്വാർട്ടേഴ്സിലിട്ട് ബൂട്ടിട്ട് ചവിട്ടിയും തലമുടിയിൽ പിടിച്ച് വലിച്ചും ക്രൂരമായി മർദ്ദിച്ചതായി ആഭ്യന്തര മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. താൻ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥർ ദയ കാട്ടിയില്ലെന്ന് യുവാവ് വെളിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം നടന്ന വിശദമായ അന്വേഷണത്തിലാണ്, പ്രണയ നൈരാശ്യത്തെ തുടർന്ന് പെൺകുട്ടി കെട്ടിച്ചമച്ച വ്യാജ കഥയായിരുന്നു പീഡന പരാതിയെന്ന് വ്യക്തമായത്. സംഭവത്തിൽ കൂടൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു.
eqweqwqwe

