"മതംമാറാൻ ആവശ്യപ്പെട്ടു’ ലാപ്ടോപ്പ് കൊണ്ട് അടിച്ചുകൊന്നതല്ല‘ കാല് മുതൽ തലവരെ ചതഞ്ഞ നിലയിൽ"; സാവരിയയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ഷീബ വിജയൻ
ആലപ്പുഴ: ഉസ്ബകിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിയായ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. സാവരിയയെ മതംമാറാൻ പ്രതിയായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൽ അനം (22) നിരന്തരം നിർബന്ധിച്ചിരുന്നതായി സഹപാഠികളെ ഉദ്ധരിച്ച് ബന്ധുക്കൾ ആരോപിച്ചു. നിലവിൽ പ്രതി ഉസ്ബക് പോലീസിന്റെ കസ്റ്റഡിയിലാണ്. കുറ്റവാളികളെ കൈമാറാൻ ഇരുരാജ്യങ്ങളും തമ്മിൽ കരാറുള്ളതിനാൽ കേസ് നാട്ടിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പെൺകുട്ടിയുടെ ശരീരത്തിൽ കാല് മുതൽ തല വരെ ക്രൂരമായ മർദ്ദനമേറ്റ പാടുകളുണ്ടെന്നും ലാപ്ടോപ്പ് കൊണ്ട് അടിച്ചുള്ള പെട്ടെന്നുള്ള കൊലപാതകമല്ല ഇതെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഉസ്ബകിസ്താനിൽ നിന്ന് ലഭിച്ച പ്രാഥമിക റിപ്പോർട്ടിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നും ക്രൂരമർദ്ദനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതിനാലാണ് നാട്ടിൽ റീ-പോസ്റ്റ്മോർട്ടം ആവശ്യപ്പെടുന്നത്. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ സഹായങ്ങളൊന്നും ലഭിച്ചില്ലെന്നും, പതിനാറായിരത്തോളം മലയാളി കുട്ടികൾ പഠിക്കുന്ന അവിടെ ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ കുട്ടികൾക്ക് പുറത്ത് താമസിക്കേണ്ടി വരുന്നുണ്ടെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. റൂമിൽ വെച്ച് ക്രൂരമായി ഉപദ്രവിച്ച ശേഷം പ്രതി തന്നെയാണ് സാവരിയയെ ആശുപത്രിയിലെത്തിച്ചതെന്നും തന്റെ കൈകൊണ്ടു പറ്റിയതാണെന്ന് അവൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെയും എംബസിയുടെയും വലിയ സഹായമുണ്ടായതായി കുടുംബം അറിയിച്ചു.
dvcbvxds

