മയക്കുമരുന്നടിച്ച്‌ വണ്ടിയോടിക്കുന്നവർ ജാഗ്രതൈ


കൊച്ചി: മയക്കുമരുന്നടിച്ചു വാഹനമോടിച്ചാൽ‍ ഇനി പിടിവീഴും. മരുന്നുലഹരിയിലാണോ വാഹനമോടിക്കുന്നത്‌ എന്നു തിരിച്ചറിയുന്ന കിറ്റ്‌ ഉപയോഗിച്ചുള്ള പരിശോധന രണ്ടുമാസത്തിനുള്ളിൽ‍ നടപ്പാക്കാനൊരുങ്ങി പോലീസ്‌. ഹൈക്കോടതി നിർ‍ദ്ദേശത്തെത്തുടർ‍ന്നാണ്‌ പരീക്ഷണാടിസ്ഥാനത്തിൽ‍ ഈ പരിശോധന നടപ്പാക്കുന്നത്‌.

മദ്യപിച്ചു വാഹനമോടിക്കുന്നവരെ ബ്രത്ത്‌ അനലൈസർ‍ പരിശോധനവഴി പോലീസ്‌ പിടികൂടുന്നുണ്ടെങ്കിലും മയക്കുമരുന്ന്‌ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ നിലവിൽ‍ മാർ‍ഗങ്ങളൊന്നുമില്ല. ഇതുമുതലാക്കി മയക്കുമരുന്ന്‌ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവർ‍ പെരുകുന്ന സാഹചര്യത്തിലാണ്‌ നടപടി.

കോട്ടയം മുൻ ജില്ലാ പൊലീസ്‌ മേധാവി എൻ‍. രാമചന്ദ്രൻ എഴുതിയ കത്തിൽ‍ സ്വമേധയാ എടുത്ത കേസിലാണു ചീഫ്‌ ജസ്‌റ്റീസ്‌ ഋഷികേശ്‌ റോയ്‌ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച്‌ ഈ സംവിധാനം എത്രയും പെട്ടെന്നു നടപ്പാക്കാൻ പോലീസിനോട്‌ ആവശ്യപ്പെട്ടത്‌. വർ‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയുന്നതു സംബന്ധിച്ചു സർ‍ക്കാരിന്റെ വിശദീകരണവും കോടതി തേടിയിരുന്നു.

പരിശോധനയ്‌ക്കുള്ള കിറ്റ്‌ വാങ്ങാനുള്ള ക്വട്ടേഷൻ‍ ക്ഷണിച്ചുകഴിഞ്ഞെന്നു പോലീസ്‌ ഹൈക്കോടതിയെ അറിയിച്ചു. ഗുജറാത്ത്‌ പോലീസ്‌ ഉപയോഗിക്കുന്ന ആബൺ‍ കിറ്റ്‌സ്‌ സംവിധാനമാണ്‌ നടപ്പാക്കാൻ‍ ഉദ്ദേശിക്കുന്നത്‌. 11,000 രൂപ വില വരും ഈ കിറ്റിന്‌. ഇത്‌ ഒരുതവണയേ ഉപയോഗിക്കാനാവൂ. എന്നാൽ‍ 500,−600 രൂപയക്കു ലഭ്യമാക്കാമെന്നു വിതരണക്കാർ‍ അറിയിച്ചിട്ടുണ്ടെന്നും പോലീസ്‌ അറിയിച്ചു.

അതേസമയം കിറ്റുപയോഗിക്കുന്നതിലെ നിയമപരമായ തടസങ്ങൾ‍ പോലീസ്‌ കോടതിയിൽ‍ ചൂണ്ടിക്കാട്ടി. രക്ത പരിശോധന ഉൾ‍പ്പെടെയുള്ളവയ്‌ക്കു പ്രതിയുടെ സമ്മതം വേണം. എന്നാൽ‍ 1985ലെ മയക്കുമരുന്ന്‌− ലഹരിവസ്‌തു നിയമത്തിൽ‍ (എൻ‍.ഡി.പി.എസ്‌.) ഇതിനു വ്യവസ്ഥയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ‍ ഈ സംവിധാനം നിലവിലുണ്ടെന്നും ഇവിടെയും പരീക്ഷണാടിസ്ഥാനത്തിൽ‍ നടപ്പാക്കിക്കൂടെയെന്നും ഡിവിഷൻ െബഞ്ച്‌ ചോദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed