മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 12 പേര്‍ മരിച്ചു
മുംബൈ: മുംബൈയിലെ ദോ ഗ്രിയില്‍ നാലുനിലകെട്ടിടം തകര്‍ന്നു വീണ് 12 പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഡോങ്ഗ്രി ഭാഗത്താണു കെട്ടിടം തകര്‍ന്നത്.
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വെള്ളം കയറിയ പ്രദേശത്താണു കെട്ടിടം തകര്‍ന്നത്. നിരവധി കെട്ടിടങ്ങള്‍ക്കു നടുവില്‍ ഇടുങ്ങിയ വഴികളാണ് ഇവിടുള്ളത്. ഇതു രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആംബുലന്‍സുകള്‍ക്കും അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. തകർന്ന കെട്ടിടത്തിന്റെ കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളും കൈയില്‍ ചുമന്നു മാറ്റേണ്ട അവസ്ഥയാണുളളത്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഏകദേശം 90-100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

